ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പോലീസ്. ടിവികെയുടെ അപേക്ഷയിൽ ഡിഐജി സർക്കാരിനെ നിലപാട് അറിയിച്ചു. വിജയ്ക്ക് പൊതുയോഗത്തിൽ പ്രസംഗിക്കാം. അതിനായി ഒരു സ്ഥലം തെരഞ്ഞെടുക്കാമെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ച, ടിവികെയുടെ റോഡ് ഷോയ്ക്കാണ് പുതുച്ചേരി പൊലീസ് അനുമതി നിഷേധിച്ചത്. പകരം ഒരു തുറന്ന വേദിയിൽ പൊതുയോഗം നടത്താൻ പൊലീസ് അനുമതി നൽകി.
പുതുച്ചേരിയിൽ വിജയ്യുടെ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കമിടാൻ ലക്ഷ്യമിട്ട ഈ പരിപാടിയുടെ മുന്നൊരുക്കങ്ങൾക്കായി മുതിർന്ന നേതാക്കളായ ബൂസി ആനന്ദ്, ആദവ് അർജുന എന്നിവർ എത്തിയിരുന്നു. പൊലീസിന്റെ തീരുമാനം പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്.
ഉന്നതതല അവലോകനത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
റോഡ് ഷോയ്ക്ക് എന്തുകൊണ്ട് അനുമതി നൽകിയില്ലെന്ന ചോദ്യത്തിന് പുതുച്ചേരിയിലെ വീതി കുറഞ്ഞ റോഡുകൾക്ക് വിജയ് അണിനിരത്തുന്ന വൻ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ കഴിയില്ല എന്നായിരുന്നു മറുപടി.
അതേസമയം പൊതുയോഗം മാത്രമാണെങ്കിൽ സുരക്ഷാ നടപടികൾ എളുപ്പമാണെന്നും കൂടുതൽ മികച്ച രീതിയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ടിവികെ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.